മുണ്ടക്കയം ടിബി ജംഗ്ഷൻ ഇരുട്ടില്‍; രാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ കൂരിരുട്ട്…വഴിവിളക്കുകളുടെ ബാറ്ററിയും സോളാർ പാനലുകളും സാമൂഹ്യവിരുദ്ധർ കൊണ്ട് പോയി… ഹൈമാസ്റ്റ് ലൈറ്റ് വരണം വെളിച്ചം തെളിയണം
മോഷണങ്ങളും സാമൂഹ്യവിരുദ്ധശല്യവും വർധിച്ചുവരുന്ന സാഹചര്യത്തില്‍ മുണ്ടക്കയം ടിബി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.മുണ്ടക്കയം പഞ്ചായത്ത് ഓഫീസ്, ടൂറിസ്റ്റ് ബംഗ്ലാവ്, പോലീസ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്ന റോഡില്‍ വെളിച്ചക്കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ലൈറ്റുകള്‍ അണയ്ക്കുന്നതോടെ പ്രദേശം ഇരുട്ടിന്‍റെ പിടിയിലമരും.
മുണ്ടക്കയം ടൗണും പരിസര മേഖലകളും പ്രകാശപൂരിതമാക്കാൻ വർഷങ്ങള്‍ക്ക് മുമ്ബ് എംപി ഫണ്ടില്‍നിന്നു 14 ലക്ഷം രൂപ മുടക്കി സോളാർ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മതിയായ സംരക്ഷണമില്ലാതെ വന്നതോടെ വഴിവിളക്കുകളുടെ ബാറ്ററിയും സോളാർ പാനലുകളും സാമൂഹ്യവിരുദ്ധർ അപഹരിച്ചു.

കൂട്ടിക്കല്‍ റോഡിലും കോസ്‌വേ പാലത്തിലും ടൗണില്‍ ദേശീയപാതയുടെ വശത്തുമായി 56ഓളം വഴിവിളക്കുകളാണ് അന്ന് സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഒന്നുപോലും ഇന്ന് പ്രവർത്തിക്കുന്നില്ല


വഴിവിളക്കുകളുടെ അഭാവം മൂലം പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാവുകയാണ്. രാത്രികാലങ്ങളില്‍ മദ്യപസംഘം വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങുന്നത്. ഇത് വ്യാപാരികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ടിബി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ കോസ്‌വേ കവലയിലും മുണ്ടക്കയം ബസ് സ്റ്റാൻഡ് ജംഗ്ഷൻ വരെയും ഇതിന്‍റെ വെളിച്ചം ലഭിക്കും. ഇതോടെ സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ സാധിക്കുന്നതോടൊപ്പം രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയും ഉറപ്പാക്കാനും സാധിക്കും.
