പീരുമേട് ജയിലിൽ ചപ്പാത്ത് സ്വദേശിയായ വിചാരണ തടവുകാരന്‍റെ അഭ്യാസം……. പുറത്തിറക്കിയ തക്കത്തിൽ പ്രതി ഓടിയത് പാമ്പനാർ വരെ…… ഒടുക്കം പിടിയിലായത് ഇങ്ങനെ…
ഇടുക്കി: ജോലികൾക്കായി പുറത്തിറക്കിയ തക്കത്തിന് ഓടിപ്പോയ പീരുമേട് സബ് ജയിലിലെ വിചാരണ തടവുകാരൻ മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങി. അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് കാരക്കാട്ട് വീട്ടിൽ സജൻ (38) ആണ് പോലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപെടാൻ ശ്രമം നടത്തിയത്.
എന്നാൽ പാമ്പനാറ്റിലെത്തിയ ഇയാളെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തിരിച്ചറിഞ്ഞ് തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ജോലികൾക്കായി മറ്റു തടവുകാർക്കൊപ്പമാണ് ഇയാളെ പൊലീസ് പുറത്തിറക്കിയത്. ഇതിനിടെ പൊലീസിന്‍റെ കണ്ണു വെട്ടിച്ച് ഇയാൾ ഓടി മറയുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ ഓടി പാമ്പനാറ്റിലെത്തിയ പ്രതിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തിരിച്ചറിഞ്ഞ് തടഞ്ഞു വച്ചു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഉപ്പുതറ, കുമളി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

