കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി

78.69 കോടി രൂപ ചെലവില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ 1.626 കിലോമീറ്റർ നീളത്തില്‍ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഫ്ലൈഓവർ ഉള്‍പ്പെടെയുള്ള പദ്ധതിയാണ്.ദേശീയപാതയില്‍ പഞ്ചായത്ത് ഓഫീസ് വളവില്‍ നിന്നാരംഭിച്ച്‌ പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം എത്തിച്ചേരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ റോഡ് നിരപ്പില്‍ മണ്ണെടുത്തു മാറ്റുന്നതിനൊപ്പം കല്ലുകള്‍ പൊട്ടിച്ചു മാറ്റുന്ന ജോലികളുമാണ് ബൈപാസുമായി ബന്ധപ്പെട്ടു നടന്നു വരുന്നത്. റോഡിന്‍റെ സംരക്ഷണഭിത്തിയുടെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

പട്ടാപ്പകല്‍ നടക്കുന്നത് കരിങ്കല്‍ കൊള്ള

ഗുജറാത്ത് ആസ്ഥാനമായുള്ള കമ്ബനിയാണ് ബൈപ്പാസ് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. കരാർ വ്യവസ്ഥ പ്രകാരം പൊട്ടിച്ചു മാറ്റുന്ന കരിങ്കല്ലുകള്‍ റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനാണ് ഉപയോഗിക്കേണ്ടത്. മിച്ചമുള്ള കല്ലുകള്‍ ഉണ്ടെങ്കില്‍ അത് സുരക്ഷിതമായി സൂക്ഷിക്കുകയും റോഡ് നിർമ്മാണം പൂർത്തിയായ ശേഷം അളന്ന് തിട്ടപ്പെടുത്തി ലേലം ചെയ്യാനുമുള്ള തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ പൊട്ടിച്ചെടുക്കുന്ന ഭൂരിഭാഗവും പ്രദേശത്ത് നിന്ന് അനധികൃതമായി കടത്തി കോടികളുടെ അധിക ലാഭമാണ് കരാറുകാരൻ കൊയ്യുന്നത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ആണ് കാഞ്ഞിരപ്പള്ളി. എന്നാല്‍ ഈ കരിങ്കല്‍ കൊള്ള കണ്ടില്ലെന്ന് നിലപാടിലാണ് ഭരണസമിതി. കാണാത്തതല്ല കരാറുകാർ ഭരണസമിതിയെയും ഭരിക്കുന്ന പാർട്ടിയെയും വേണ്ടതുപോലെ കണ്ടതുകൊണ്ട് സിപിഎം കണ്ണടയ്ക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. എന്നാല്‍ സിപിഎമ്മിന്റെ ഈ കണ്ണ് കെട്ടല്‍ കണ്ട മട്ടുപോലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും വെക്കുന്നില്ല. അനധികൃതമായി പാറ പൊട്ടിക്കുന്നതും കടത്തുന്നതും കോണ്‍ഗ്രസ് പ്രതിനിധിയുടെ വാർഡില്‍ നിന്നാണ്. ആദർശ ധീരനായ ഇദ്ദേഹവും ഈ പകല്‍ കൊള്ളയോട് പ്രതികരിക്കാതെ മൗനം പാലിക്കുന്നതും ദുരൂഹമാണ്. കരാർ കമ്ബനിയുടെ ആസ്ഥാനം ഗുജറാത്ത് ആയതുകൊണ്ട് തന്നെ ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ളതിനാല്‍ പ്രാദേശിക നേതൃത്വം കണ്ണടയ്ക്കുന്നതാണ് എന്നും ആക്ഷേപം നിലനില്‍ക്കുന്നു.

എൻ എച്ച്‌ എ ഐ, കിഫ്ബി അധികൃതർ കൃത്യമായി നിർമ്മാണ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഇവിടെ എത്താറുണ്ട്. എന്നാല്‍ കരാർ വ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ട് കരിന്തല്‍ കടത്തുന്നത് അവരും അറിഞ്ഞ മട്ടില്ല. ഇതിന് പിന്നിലും ‘കിമ്ബളം’ ആണോ എന്ന സ്വാഭാവിക സംശയവും ശക്തമാവുകയാണ്. വെള്ളപ്പൊക്കവും പ്രളയവും ഉണ്ടാക്കിയ നിരവധി ദുരനുഭവങ്ങളുടെ പാഠങ്ങള്‍ കണ്‍മുമ്ബില്‍ ഉള്ളപ്പോഴും രാഷ്ട്രീയനേതൃത്വങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ കരിങ്കല്‍ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത് ദൂര വ്യാപകമായ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കം എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *