പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു ജനജാഗ്രതാ കാംപയിന്‍ മണ്ഡലംതല വാഹനജാഥ 10 ന് ആരംഭിക്കും: എസ്ഡിപിഐ
പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളി നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ 10 ന് ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ കീഴേടം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബർ 10ആം തിയതി മുതൽ 20 ആം തിയതി വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും.
പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി പല തവണ രഹസ്യ ചര്‍ച്ച നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും നടപടിയെടുക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്ഥാനമാറ്റം എന്ന പതിവു നടപടിയിലൂടെ വിമര്‍ശകരുടെ കണ്ണില്‍ പൊടിയിടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും പ്രതിഛായ തകര്‍ത്തെന്ന് ഉന്നത പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിട്ടും ചെറുവിരലനക്കാന്‍ മുഖ്യമന്ത്രിക്കു സാധിക്കുന്നില്ല. മുഖ്യമന്ത്രി പലതും ഭയക്കുകയാണ്.

സംസ്ഥാനത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടാലും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രിയെ നയിക്കുന്നത്. ആർ എസ് എസ് കാർ പ്രതികൾ ആവുന്ന കേസുകളിൽ സിപിഎം പ്രവർത്തകരുടെ കുടുംബങ്ങൾക്ക് പോലും നീതി ലഭിക്കുന്നില്ല.
ആഭ്യന്തരവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സിയെ നിയന്ത്രിക്കുന്നതും ആര്‍എസ്എസ് തന്നെണെന്നു വ്യക്തമായിരിക്കുന്നു. വിവാദ മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ലെങ്കില്‍ അത് കടന്നുവന്ന വഴി പരിശോധിച്ച് നടപടിയെടുക്കാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല. ഇടതു ഭരണത്തില്‍ സംഘപരിവാര അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്ന ഏജന്‍സിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട കേസുകളില്‍ പോലിസ് പുലര്‍ത്തുന്ന പക്ഷപാതിത്വവും വിവേചനവും ഇതിന്റെ ഫലമാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളിലെ നിത്യ സന്ദര്‍ശകനായ എഡിജിപി എം ആര്‍ അജിത് കുമാര്‍ എഴുതി കൊടുക്കുന്നത് വായിക്കുകയായിരുന്നു മുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും നടപ്പാക്കുന്ന സംഘപരിവാര അനീതി തന്നെയാണ് സംസ്ഥാനത്തും നടക്കുന്നത്. സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സിപിഎമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണ്. തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ വിദ്വേഷ പ്രചാരണം പുതിയ സംഗതിയല്ല.


മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്. ആര്‍എസ്എസ്സുമായി ഐക്യപ്പെട്ട് തുടര്‍ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഇത് കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിക്കാനാണ് കാംപയിനിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാംപയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കാംപയിന്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രചാരണങ്ങളും നടത്തിവരികയാണ്.
വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജോയിന്റ് സെക്രട്ടറിമാരായ യാസിർ വി എസ് അബ്ദുൽസമദ് വി ഐ, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈല്‍ സി എൽ എന്നിവരും സംബന്ധിച്ചു.
