പൊലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ, ജെസ്നാ, നീ എവിടെ?
വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ആറുവർഷം മുമ്ബ് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷണ ഏജൻസികള്‍ക്ക് ഇതുവരെ വ്യക്തതയില്ല.
ആളുകളെ കാണാതാകുന്ന കേസുകളില്‍, ഏഴു വർഷത്തിനുള്ളില്‍ കണ്ടെത്താനായില്ലെങ്കില്‍ മരണപ്പെട്ടതായി കരുതാമെണമെന്ന് ഭാരതീയ ന്യായ സംഹിത പറയുന്നത്. അതായത്, ഒരു വർഷംകൂടി കഴിഞ്ഞാല്‍ ആ പെണ്‍കുട്ടി മരണപ്പെട്ടതായി കരുതേണ്ടിവരും. ആലപ്പുഴ പുന്നപ്രയിലെ മണല്‍പ്പരപ്പില്‍ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ രാഹുല്‍ രാജിന്റെ തിരോധാനക്കേസ് അന്വേഷിച്ച് പൊലീസും സി.ബി.ഐയും പരാജയപ്പെട്ടിരുന്നു. ചാക്കോ വധക്കേസില്‍ പ്രതി സുകുമാരക്കുറുപ്പ് അന്വേഷണ ഏജൻസികള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായിട്ട് പതിറ്റാണ്ടുകളായി. അതുപോലൊന്നായി ജെസ്ന കേസും മാറുമോ?

മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ച് 22-ന് പുറപ്പെട്ട ജെസ്നയെ കാണാതായെന്ന കേസ് ദുരൂഹതയുടെ ചുരുളുകള്‍ നിറഞ്ഞതാണ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ശേഖരിച്ച വിവരങ്ങള്‍ക്കപ്പുറം സി.ബി.ഐയ്ക്ക് എന്തെങ്കിലും തുമ്ബു കിട്ടിയോ എന്ന് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. ജെസ്ന പോയെന്നു കരുതുന്ന വഴിയേ സഞ്ചരിച്ച മൂന്ന് അന്വേഷണ ഏജൻസികളും ഇരുട്ടത്തു നില്‍ക്കുന്നു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു കാണിച്ച് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സി.ബി.ഐ റിപ്പോർട്ട് നല്‍കിയത് ജെസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്.


