എരുമേലിയിലെ കുറി തൊടല്‍ അനുവദിക്കില്ല; ക്ഷേത്ര ആചാരമല്ലെന്ന് ദേവസ്വം ബോര്‍ഡ്
എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടല്‍ ഇനിമുതല്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നത്.പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നല്‍കിയ കരാറുകളും റദ്ദാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതിനാവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്തവളങ്ങളിലൊന്നാണ് എരുമേലി. ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിക്കുന്നതും എരുമേലി ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. പേട്ടയ്‌ക്കുമുൻപ് വലിയതോട്ടില്‍ കുളിച്ചെത്തുന്ന ഭക്തർക്കായി നടപന്തലില്‍ കുങ്കുമവും ഭസ്മവുമുള്‍പ്പെടുള്ളവ നല്‍കാറുണ്ട്. ഇവിടെ കുറി തൊടുന്നതിന് 10 രൂപ ഈടാക്കാൻ തീരുമാനിച്ചതില്‍ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനായി കരാർ നല്‍കിയതും വിവാദമായിരുന്നു. കുറി തൊടല്‍ എരുമേലി ശാസ്താ ക്ഷേത്രമോ ശബരിമലയോ ആയി ബന്ധപ്പെട്ട ആചാരമല്ലെന്നാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്. ഈ സഹചര്യത്തിലാണ് കുറി തൊടല്‍ ഒഴിവാക്കുന്നതിനെപ്പറ്റിയും ഇതിനായുള്ള കരാർ റദ്ദാക്കുന്നതിനെക്കുറിച്ചും ദേവസ്വം ബോർഡ് ആലോചിക്കുന്നത്.


