കുറി തൊടാൻ 10 രൂപ ഫീസ്, ഇത്തവണത്തെ മണ്ഡല മകരവിളക്ക് ശബരിമല സീസണിൽ എരുമേലി ക്ഷേത്രത്തിൽ വരുന്ന അയ്യപ്പ ഭക്തർ സ്റ്റാളിൽ നിന്നും ചന്ദനം, ഭസ്മം, സിന്ദൂരം, കുങ്കുമം വാങ്ങി നെറ്റിയിൽ കുറി, പൊട്ട് എന്നിവ തൊടുന്നതിന് ഫീസ് ഈടാക്കാൻ ദേവസ്വം ബോർഡ് ലേലം നടത്തിയതിനെ ചൊല്ലി വിവാദം.
ഇത്തവണത്തെ മണ്ഡല മകരവിളക്ക് ശബരിമല സീസണിൽ എരുമേലി ക്ഷേത്രത്തിൽ വരുന്ന അയ്യപ്പ ഭക്തർ സ്റ്റാളിൽ നിന്നും ചന്ദനം, ഭസ്മം, സിന്ദൂരം, കുങ്കുമം വാങ്ങി നെറ്റിയിൽ കുറി, പൊട്ട് എന്നിവ തൊടുന്നതിന് ഫീസ് ഈടാക്കാൻ ദേവസ്വം ബോർഡ് ലേലം നടത്തിയതിനെ ചൊല്ലി വിവാദം. അതേസമയം ഇത് ചൂഷണം അല്ലന്നും ന്യായമായ നിരക്കിൽ വില്പന നടത്തി ചൂഷണം ഒഴിവാക്കാനാണ് ലേലം നടത്തിയതെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു.
സ്റ്റാളിൽ നിന്നും ഇവ വിൽപന നടത്തുമ്പോൾ ഒരാളിൽ നിന്നും പത്ത് രൂപ ഫീസ് ഈടാക്കാനാണ് ദേവസ്വം ബോർഡ് ലേലം ചെയ്ത് കുത്തക അവകാശമായി അനുമതി നൽകിയിരിക്കുന്നത്. സ്റ്റാളിൽ ഇതിനായി മുഖം നോക്കി കുറി, പൊട്ട് എന്നിവ തൊടുന്നതിന് കണ്ണാടികൾ സ്ഥാപിക്കാം. വിവിധ സ്റ്റാളുകൾ ഈ ഇനത്തിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ പോയത് ലക്ഷങ്ങൾക്ക്.
പത്ത് ലക്ഷത്തോളം രൂപയ്ക്കാണ് നാല് സ്റ്റാളുകൾ ലേലത്തിൽ പോയത്.

ഇത് വൻ ചൂഷണം ആണെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നതോടെ ലേലം വിവാദമായിരിക്കുകയാണ്. ഇതാദ്യമായാണ് നെറ്റിയിൽ ചന്ദന, ഭസ്മ, സിന്ദൂര, കുങ്കുമ കുറികൾ ചാർത്തുന്നതിന് ഫീസ് ഈടാക്കാൻ ലേലം ചെയ്യുന്നത്. കേട്ടുകേഴ്‌വി ഇല്ലാത്ത സംഭവം ആണിതെന്ന് വിവിധ ഹൈന്ദവ സംഘടന ഭാരവാഹികൾ പ്രതിഷേധമായി അറിയിച്ചു. ക്ഷേത്രങ്ങളിൽ മറ്റൊരിടത്തും ഇങ്ങനെ ഫീസ് ഈടാക്കുന്നില്ലന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ് നായർ പറഞ്ഞു.


ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ സ്ഥലങ്ങളിൽ അല്ലാതെ പൊട്ട്, ചന്ദനം ചാർത്തൽ എന്നിവയ്ക്ക് വിൽപന പാടില്ലന്നും മഴയും വെയിലും ഏൽക്കാതിരിക്കാൻ സ്റ്റാളിൽ താൽക്കാലിക മേൽക്കൂര നിർമിക്കാമെന്നും ഭക്തരുടെ തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന പക്ഷം സ്റ്റാളുകൾ ബോർഡ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ലേല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ (വലിയമ്പലം) തോടിന്റെ ഇരുവശത്തും ആനക്കൊട്ടിലിന്റെ വെളിയിൽ തെക്ക് ഭാഗത്തായി തറ കെട്ടിയിട്ടുള്ള മരത്തിലും ആനക്കൊട്ടിലിന്റെ ഇടയിലുമായിട്ടുള്ള ഭാഗത്തും ക്ഷേത്രത്തിന്റെ പിൻഭാഗത്തെ നടപ്പന്തലിലുമായി ആണ് സ്റ്റാൾ അനുവദിച്ചിരിക്കുന്നത്.
മുമ്പ് ശബരിമല സീസണിൽ റോഡിൽ പേട്ടതുള്ളലിന് ചെണ്ടമേളം നടത്തുന്നതിന് ഫീസ് ഈടാക്കാൻ ദേവസ്വം നടത്തിയ ലേലം വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു. റോഡിൽ ചെണ്ടമേളം നടത്തുന്നതിനല്ല ഫീസ് ഈടാക്കുന്നതെന്നും ക്ഷേത്രത്തിൽ മേളവുമായി എത്തുന്നതിനാണ് ഫീസ് എന്നും ബോർഡ് കോടതിയിൽ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അനുമതി ലഭിക്കുകയും ലേലം ഓരോ വർഷവും തുടരുകയുമാണ്.
