റാന്നിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണവുമായി കടന്നുകളയാൻ ശ്രമിച്ച ഇടുക്കി സ്വദേശിയെ ജീവനക്കാരി ഓടിച്ചിട്ടു പിടിച്ച് പോലീസില്‍ ഏല്പിച്ചു
ഇടുക്കി ഉടുമ്ബൻചോല കൂന്തല്‍ ചിറയ്ക്കല്‍ ബിൻസിയാണ് (46) പിടിയിലായത്. റാന്നി ടൗണിലെ ജോസ്കോസ് ഫാഷൻ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.
ഇന്നലെ രാവിലെ 11.30 ഓടെയായായിരുന്നു സംഭവം. ഉദ്ദേശം 8000 രൂപ വിലവരുന്ന വളയാണ് ഇവർ മോഷ്ടിച്ചത്. കടയിലെ ജീവനക്കാരി മോഷ്ടാവിനെ പിന്തുടർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കടയിലെത്തിയ ബിൻസി ആഭരണങ്ങള്‍ പരിശോധിക്കുന്നതിനിടെ വളകളില്‍ ഒരെണ്ണം ബാഗിനുള്ളിലാക്കി. ജീവനക്കാരിയുടെ ശ്രദ്ധ മാറിയെന്നു മനസിലാക്കിയ ഇവർ ബാഗുമായി പുറത്തേക്കു പോയി. മോഷണം മനസിലാക്കിയ ജീവനക്കാരി ഇവരെ പിന്തുടർന്ന് സ്റ്റാൻഡില്‍ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

വള തിരികെ നല്‍കാൻ തയാറായ സ്ത്രീ കടയില്‍ എത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ജീവനക്കാർ വീണ്ടും പിന്തുടർന്ന് പിടികൂടി പോലീസിനു കൈമാറുകയായി രുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച സ്വർണം കണ്ടെത്തി. എസ്‌ഐ കൃഷ്ണ കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് ബിൻസിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യചെയ്ത ശേഷം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.


