എല്ലാ റോഡുകളും തകര്‍ന്നു; വാഗമണ്ണില്‍ റോഡില്ലെന്ന് പറഞ്ഞാല്‍ മന്ത്രി വിശ്വസിക്കുമോ…?

ടൂറിസമാണ് നാടിന്‍റെ പുരോഗതിക്കുള്ള ഒറ്റമൂലി എന്നാണ് വകുപ്പുമന്ത്രി ആവർത്തിക്കുന്നത്. അതിനായി പ്രത്യേക പരിഗണനയും പരസ്യവുമൊക്കെ മുറതെറ്റാതെ നല്‍കുന്നുമുണ്ട്.ദൈവത്തിന്‍റെ സ്വന്തം ദേശം കാണാൻ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് ഒഴുകുമെന്നാണ് വെപ്പ്.

ടൂറിസത്തിന്‍റെ മാത്രം മന്ത്രിയല്ല ഈ പറയുന്നത്. അരിക്കൊമ്ബനെ നാടുകടത്തിയ ദൃശ്യം ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തപ്പോള്‍ കേരളത്തിലെ റോഡുകളുടെ നിലവാരവും മനോഹാരിതയും കണ്ട് മറുനാട്ടുകാർപോലും ഞെട്ടിപ്പോയെന്ന് പറഞ്ഞത് പൊതുമരാമത്ത് മന്ത്രിയാണ്. അതേ മന്ത്രിതന്നെ ടൂറിസം വകുപ്പിന്‍റെയും തലപ്പത്തിരിക്കുമ്ബോള്‍ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വാഗമണിലേക്കുകൂടി കണ്ണുകള്‍ തിരിച്ചുവെക്കണം.

പുല്‍മേടുകളാല്‍ അതിരുതിരിച്ച വാഗമണ്ണിന്‍റെ സൗന്ദര്യം കാണാൻ വിദൂരങ്ങളില്‍നിന്നുപോലും ആയിരങ്ങള്‍ ദിനേന എത്തുന്നുണ്ട്. അവധി ദിനങ്ങളിലും ആഘോഷ നാളുകളിലും ജനസാഗരമാകും വാഗമണ്‍. പക്ഷേ, നടുവൊടിഞ്ഞുവേണം സഞ്ചാരികള്‍ക്ക് വാഗമണ്ണിലെത്താൻ. ഏലപ്പാറ കഴിഞ്ഞ് വാഗമണ്‍ ടൗണിലേക്ക് പ്രവേശിക്കുന്നതു മുതല്‍ യാത്രക്കാരുടെ നട്ടെല്ല് ബലപരീക്ഷണ വസ്തുവായി മാറും. നടന്നുപോകാൻപോലും പറ്റാത്ത അവസ്ഥയില്‍ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.

ടൗണ്‍ കടന്ന് മൊട്ടക്കുന്നുകള്‍ എത്തുന്നതിനു മുമ്ബുള്ള ടാക്സി സ്റ്റാൻഡിന്‍റെ മുൻവശമാണ് ഏറ്റവും പൊളിഞ്ഞു കിടക്കുന്നത്. പൊളിഞ്ഞ പാതയിലൂടെ ഓരോ വാഹനങ്ങളും കടന്നുപോകാൻ ഇരട്ടിയിലേറെ സമയം വേണ്ടിവരുന്നു. കുഴിയില്‍ വീഴാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിക്കുമ്ബോള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചിടുന്നത് പതിവാണെന്ന് ടാക്സി ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. കട്ടപ്പന ഭാഗത്തുനിന്നും കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തുനിന്നും വാഗമണ്ണിലേക്ക് വന്നുചേരുന്ന എല്ലാ റോഡുകളുടെയും ഗതി അധോഗതി തന്നെ. മഴക്കാലംകൂടി കഴിഞ്ഞതോടെ പലയിടത്തും റോഡിന്‍റെ അസ്ഥിപഞ്ജരം മാത്രം. ഇവിടെ റോഡുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട് പലയിടത്തെയും അവസ്ഥ.

സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വരുന്നത് മൊട്ടക്കുന്നുകളിലും പൈൻമര കാടുകളിലുമാണ്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിർവഹിക്കാനുള്ള സംവിധാനങ്ങളാകട്ടെ പേരിനു മാത്രം. പൈൻമരക്കാട്ടിലേക്ക് പോകുന്ന വഴിയില്‍ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളുണ്ട്. പക്ഷേ, ഒന്നു മൂത്രമൊഴിക്കാൻപോലും സൗകര്യമില്ല. പാർക്കിനകത്ത് ഇത്തരം ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. എൻട്രി ഫീസിനത്തില്‍ ദിവസവും ലക്ഷങ്ങള്‍ വരുമാനമുള്ള ഒരിടത്തെ അവസ്ഥയാണിത്. സെക്യൂരിറ്റിക്കാരോട് ശൗചാലയത്തെക്കുറിച്ച്‌ ചോദിച്ചാല്‍ അവർ റോഡിനപ്പുറമുള്ള കയറ്റത്തിലെ സ്വകാര്യ ഹോട്ടല്‍ ചൂണ്ടിക്കാണിക്കും.

അവിടത്തെ പരിമിത സൗകര്യം ഉപയോഗിക്കണമെങ്കില്‍ തന്നെ 10 രൂപ കൊടുക്കണം. മാത്രമല്ല, ഏറെ സമയം ക്യൂവില്‍ നില്‍ക്കുകയും വേണം. സ്വകാര്യ ഹോട്ടലുകാർക്ക് പണമുണ്ടാക്കാൻ ടൂറിസം വകുപ്പ് ഒത്താശ ചെയ്യുന്നതുപോലെയാണ് തോന്നുക. അതേസമയം, കൂട്ടിക്കല്‍ പഞ്ചായത്തില്‍പെട്ട അഡ്വഞ്ചർ പാർക്കില്‍ താരതമ്യേന ഭേദപ്പെട്ട സൗകര്യവുമുണ്ട്. സാധാരണക്കാർക്ക് വന്ന് കണ്ടുപോകാമെന്നല്ലാതെ ഗ്ലാസ് ബ്രിഡ്ജിലോ പാരാഗ്രൈഡിങ്ങിലോ ബങ്കിജംപിങ്ങിലോ കയറാനാവാത്ത കഴുത്തറപ്പൻ ചാർജാണ് വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *