പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജില്‍ സഹവാസ ക്യാമ്പ് പുഞ്ചവയല്‍ കേന്ദ്രീകരിച്ച് പാക്കാനം, 504, കുഴിമാവ് മേഖലകളിൽ ഇന്ന് മുതൽ ആരംഭിക്കുന്നു
സെന്‍റ് ആന്‍റണീസ് കോളജിലെ സോഷ്യല്‍ വർക്ക്, സൈക്കോളജി ഡിപ്പാർട്ട്മെന്‍റുകളുടെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സഹവാസ ക്യാമ്ബ് സംഘടിപ്പിക്കും.പുഞ്ചവയല്‍ കേന്ദ്രീകരിച്ച് പാക്കാനം, 504, കുഴിമാവ് മേഖലകളിലാണ് ക്യാമ്ബ് നടക്കുക. വിദ്യാർഥികള്‍ സമൂഹത്തോടൊപ്പം താമസിച്ച് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ തൊട്ടറിഞ്ഞ് മനസിലാക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ക്യാമ്ബിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടങ്ങള്‍, ഹരിതകർമസേന, പൊതുപ്രവർത്തകർ, മത-സാമുദായിക-സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍, പ്രഫഷണല്‍ രംഗത്തെ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ച് സാംസ്കാരിക പരിപാടികള്‍, സംവാദങ്ങള്‍, പ്രോജക്‌ട് രൂപീകരണ ചർച്ചകള്‍ എന്നിവ നടത്തും.
പരിപാടിയുടെ ഭാഗമായി സാമൂഹിക, സാമ്ബത്തിക സർവേയും സംഘടിപ്പിക്കും. ഇതില്‍നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര റിപ്പോർട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമർപ്പിക്കും. സമൂഹത്തില്‍ സാധാരണ ജനങ്ങളെ ബാധിക്കുന്ന ഓണ്‍ലൈൻ സാമ്ബത്തികതട്ടിപ്പും അതിനു സ്വീകരിക്കേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച ക്ലാസുകളും, മദ്യം മയക്കുമരുന്ന് എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഫ്ലാഷ് മോബുകളും സംഘടിപ്പിക്കും.

പൊതുവീഥികളുടെയും പൊതുസ്ഥാപനങ്ങളുടെ പരിസര ശുചീകരണത്തിനും ഒരു ദിനം മാറ്റിവച്ചിട്ടുണ്ട്. പുഴയിലെ മലിനീകരണം സംബന്ധിച്ച പഠനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വന്യജീവി ആക്രമണ ഭീഷണിയുള്ള പ്രദേശമായതിനാല്‍ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായമാകുന്ന വിധത്തില്‍ സൈക്കോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ കൗണ്‍സലിംഗും മാനസികാരോഗ്യ ക്ലാസുകളും നടത്തും.


തുടർ കൗണ്‍സലിംഗ് ആവശ്യമുള്ളവർക്ക് കോളജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നല്‍കും. വീട്ടമ്മമാര്‍ക്കും കർഷകർക്കും അധിക വരുമാനം നേടിയെടുക്കുന്നതിന്‍റെ ഭാഗമായി സ്കില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം ക്ലാസുകള്‍ കോളജിലെ ഫാഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടക്കും. ആധുനിക തലമുറ കോഴ്സുകളും ജോലിസാധ്യതകളും സംബന്ധിച്ച് വിവിധ സ്കോളർഷിപ്പ് പദ്ധതികളെ സംബന്ധിച്ചും സഹവാസ ക്യാമ്ബില്‍ ക്ലാസുകള്‍ നടക്കും.
ക്യാമ്ബിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് പുഞ്ചവയല്‍ സെന്‍റ് സെബാസ്റ്റൃന്‍ പള്ളി പാരിഷ് ഹാളില്‍ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖാദാസ് നിർവഹിക്കും. ഫാ. മാത്യു പുത്തന്‍പറമ്ബില്‍ അധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.കെ. പ്രദീപ്, പഞ്ചായത്തംഗങ്ങളായ സി.വി. അനില്‍കുമാര്‍, ബെന്നി ചേറ്റുകുഴി, ദിലീഷ് ദിവാകരന്‍, പ്രസന്ന ഷിബു തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രിന്‍സിപ്പല്‍ ഡോ. ആന്‍റണി ജോസഫ് കല്ലമ്ബള്ളി, പ്രോഗ്രാം കണ്‍വീനർമാരായ ഫാ. ജോസഫ് വഴപ്പനാടി, ഫാ. ജോസഫ് മൈലാടിയില്‍, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, സുപർണ രാജു, ബോബി കെ. മാത്യു, കെ.എം. ശരണ്യ എന്നിവർ നേതൃത്വം നല്‍കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കും.
