ഗൂഗിള്‍ നോക്കി വന്നതെന്ന് സൂചന; കോട്ടയത്ത് കാര്‍ പുഴയിലേക്ക് വീണ് രണ്ട് മരണം
കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) മഹാരാഷ്ട്ര സ്വദേശിനിയായ സയ്‌ലി രാജേന്ദ്ര സർജെ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് മറിഞ്ഞ കാര്‍ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കാറിനുള്ളില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു.
കാറിന്റെ ചില്ല് പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗൂഗിള്‍ മാപ്പ് നോക്കി വന്നതാണ് അപകടകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ് കാര്‍. തിങ്കളാഴ്ച്ച രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് പുഴയിലേക്ക് വീണത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളില്‍ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ കാർ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.


