മുണ്ടക്കയത്ത് യുവതിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയം : യുവതിയെ വഴിയിൽ വച്ച് ഇരുമ്പ് പൈപ്പുകൊണ്ട്‌ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപാലം ഭാഗത്ത് പാറയിൽ പുരയിടം വീട്ടിൽ അച്ചാർ എന്ന് വിളിക്കുന്ന നിസാർ പി.എം (33), മുണ്ടക്കയം പഴയകല്ലേപ്പാലം ഭാഗത്ത് കല്ലുതൊട്ടി പുരയിടം വീട്ടിൽ പഞ്ചർ എന്ന് വിളിക്കുന്ന അഭിനേഷ് കെ.സാബു (30), മുണ്ടക്കയം പഴയകല്ലേപ്പാലം ഭാഗത്ത് കളിയിക്കൽ വീട്ടിൽ മുടിയൻ എന്ന് വിളിക്കുന്ന സുധീഷ് സുരേഷ് (24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്നുപേരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി പഴയ കല്ലേപ്പാലം ഭാഗത്ത് വച്ച് മുണ്ടക്കയം സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും, കട്ടയും ഇരുമ്പ് പൈപ്പും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇവർ ചീത്തവിളിക്കുകയും, അപമര്യാദയായി പെരുമാറുകയും, മർദ്ദിക്കുകയും, ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നിസാറിന്റെ സഹോദരനെതിരെ യുവതി പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ ദമ്പതികളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. നിസാർ, അഭിനേഷ്, സുധീഷ് സുരേഷ് എന്നിവർ മുണ്ടക്കയം സ്റ്റേഷനിലെ ക്രിമിനൽ കേസുകൾ പ്രതിയാണ്. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ കെ.വി, സുരേഷ് കെ.കെ, സി.പി.ഓ മാരായ സതീഷ് ചന്ദ്രൻ, ബിവിൻ, രാജൻകുട്ടി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *