ഡോക്ടര്‍മാരില്ല, മുണ്ടക്കയം ഗവ.ആശുപത്രിയില്‍ ദുരിതം…….. അഞ്ചുനില കെട്ടിടം , സ്ഥല സൗകര്യം…പക്ഷേ മരുന്നിന് പോലും ഡോക്ടർമാരില്ല…400 രോഗികൾക്ക് ഒരു ഡോക്ടർ
അഞ്ചുനില മന്ദിരമുണ്ട്, സ്ഥല സൗകര്യവുമുണ്ട്…പക്ഷേ മരുന്നിന് പോലും ഡോക്ടർമാരില്ല. ദിവസവും ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത് നാനൂറിലധികം രോഗികളാണ്.പരിശോധിക്കാൻ ആകെയുള്ളത് ഒരാള്‍ മാത്രം. തോട്ടം മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം സജ്ജീകരണങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നാക്കമാണ്. ഇന്നലെ രാവിലെ മുതല്‍ ഒ.പിയ്ക്ക് മുൻപില്‍ നീണ്ട ക്യൂവായിരുന്നു.
ഉച്ചയായിട്ടും പലർക്കും ഡോക്ടറെ കാണാനായില്ല. ഇതിനിടെ ചിലർ തളർന്നവശരായി. നിരവധിപ്പേർ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടി. പുതിയ മന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ആശുപത്രിയിലെ സേവനങ്ങള്‍ പ്രയോജനപ്പെടുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. അവധി ദിനങ്ങളില്‍ പ്രഭാത സായാഹ്ന ഒ.പിയില്‍ ഒരു ഡോക്ടറേയുണ്ടാകൂവെന്നാണ് ജീവനക്കാർ പറയുന്നത്. മറ്റ് ദിനങ്ങളില്‍ 3 ഡോക്ടർമാരും. എന്നാലും മണിക്കൂറുകള്‍ കാത്തുനിന്നാലേ മരുന്നുമായി രോഗികള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകൂ.

അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് നടപടികളൊന്നുമില്ല. കാഞ്ഞിരപ്പള്ളിയില്‍ ജനറല്‍ ആശുപത്രിയുള്ളതിനാല്‍ കുറഞ്ഞ ദൂരപരിധിയില്‍ വീണ്ടും ഒരു താലൂക്ക് ആശുപത്രിയോ, ജനറല്‍ ആശുപത്രിയോ അനുവദിക്കാൻ നിയമമില്ല എന്നാണ് തൊടുന്യായം.


നിലവില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി. നിലവില്‍ രണ്ട് നിലകളില്‍ മാത്രമാണ് പ്രവർത്തനം. കിടത്തി ചികിത്സയ്ക്കും, മറ്റ് പ്രത്യേക വിഭാഗങ്ങള്‍ക്കും സൗകര്യമുണ്ടെങ്കിലും ഒരുക്കിയിട്ടില്ല. ലിഫ്റ്റ് സൗകര്യവുമുണ്ട്. ഡയാലിസിസ് കേന്ദ്രത്തിനായി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭ്യമായില്ല.
