മുണ്ടക്കയം ചോറ്റിയിൽ അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് നടുറോഡില്‍; യുവാവിന് രക്ഷകരായ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇവർ ജയിംസ് കുര്യനും, കെ.ബി.രാജേഷും

അപകടത്തില്‍ പരുക്കേറ്റ് നടുറോഡില്‍ ചോര വാര്‍ന്നുകിടന്ന യുവാവിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി.വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഇതോടെയാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ബസില്‍ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാവിലെ 9.15ന് കോട്ടയം കുമളി റോഡില്‍ ചോറ്റി നിര്‍മലാരം കവലയുടെ സമീപമാണു സംഭവം. വണ്ടിപ്പെരിയാര്‍ സ്വദേശി കൂടത്തില്‍ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. അപകടം കണ്ടെങ്കിലും പല വാഹനങ്ങളും വേഗം കൂട്ടി കടന്നുപോകുകയായിരുന്നു. ഈ സമയത്താണ് കെഎസ്‌ആര്‍ടിസി ബസ് ഇതുവഴി വന്നത്.

പാലായില്‍ നിന്നു മുണ്ടക്കയത്തേക്കു വരികയായിരുന്ന ബസിലെ കണ്ടക്ടര്‍ കൂരോപ്പട സ്വദേശി ആലുങ്കല്‍പറമ്ബില്‍ ജയിംസ് കുര്യനും ഡ്രൈവര്‍ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡില്‍ നിന്നു വശത്തേക്കു മാറ്റിക്കിടത്തി. ആശുപത്രിയില്‍ എത്തിക്കാനായി വാഹനങ്ങള്‍ക്കു കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ ബസില്‍ കയറ്റി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു പായുകയായിരുന്നു.

ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ യാത്രക്കാരെ ഇറക്കി വീണ്ടും വേഗത്തില്‍ പുറപ്പെട്ടു. ടൗണില്‍നിന്നു 3 കിലോമീറ്റര്‍ അകലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്‍പില്‍ ബസ് വന്നതോടെ ആശുപത്രി അധികൃതര്‍ എത്തി അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങള്‍ ഏറ്റെടുത്തു. അഭിജിത്തിന്റെ വാരിയെല്ല് ഒടിഞ്ഞു. കാലുകള്‍ക്ക് പരുക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *