കുമളി അണക്കര ഐ.എം.എസ് കോളനിയില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു
കുടിവെള്ളം ചോദിച്ച് എത്തിയ യുവാവ് വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വർണമാല പൊട്ടിച്ചു കൊണ്ട് കടന്നുകളഞ്ഞു.അണക്കര ഐ.എം.എസ് കോളനിയില്‍ കൈനിക്കര അന്നമ്മയുടെ രണ്ട് പവൻ തൂക്കമുള്ള മാലയാണ് കവർന്നത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മോഷണം നടന്നത്.
അണക്കര ഐ .എം . എസ് കോളനിക്ക് സമീപം താമസിക്കുന്ന അന്നമ്മയുടെ വീട്ടില്‍ ഇന്നലെ രാവിലെ അപരിചിതനായ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു വന്നിരുന്നു. വെള്ളം കുടിച്ച് മടങ്ങിയ ശേഷം വീണ്ടും രണ്ടുതവണകൂടി വെള്ളം കുടിക്കാനായി എത്തി. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ സമീപത്തെ കൃഷിയിടത്തില്‍ മരച്ചില്ല വെട്ടിയൊതുക്കാൻ വന്ന

തൊഴിലാളിയാണെന്നും കടശികടവിലാണ് താമസം എന്നും പറഞ്ഞതായി അന്നമ്മ പറഞ്ഞു. മൂന്നുതവണ വെള്ളം കുടിച്ച് മടങ്ങിയ ശേഷം നാലുമണിയോടുകൂടി വീണ്ടും വന്നു വെള്ളം ചോദിക്കുകയും വെള്ളം എടുത്തു കൊണ്ട് വന്ന സമയം ഇവരുടെ കഴുത്തില്‍ കിടന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണമാല വലിച്ചുപറിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.


അന്നമ്മയും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഉടൻതന്നെ അയല്‍വാസികള്‍ ചേർന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വണ്ടൻമേട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇന്ന് രാവിലെ ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.
