ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും
ചെന്നൈയില്‍ ആരംഭിക്കുന്ന ജൂണിയർ സാഫ് അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും.എട്ട് രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന സാഫ് അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ ഹൈജംപ് വിഭാഗത്തിലാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവല്‍ തോമസ് മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ ആകെ രണ്ട് പേരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. യൂത്ത് നാഷണലിലെ ജുവലിന്‍റെ പ്രകടനമാണ് സാഫ് ചാംപ്യൻഷിപ്പിന് അർഹനാക്കിയത്.
ഖേലോ ഇന്ത്യയില്‍ വെങ്കലവും യൂത്ത് നാഷണലില്‍ വെള്ളിയും നേടിയിട്ടുള്ള ജുവല്‍ സ്കൂള്‍ ചാ ന്പ്യൻഷിപ്പില്‍ ജേതാവുമാണ്. 13ാം വയസ് മുതലാണ് ജുവല്‍ ട്രാക്കിലിറങ്ങിയത്. മുണ്ടക്കയം മുരിക്കുംവയല്‍ ഗവണ്‍മെന്‍റ് വിഎച്ച്‌സിയില്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ് ജുവല്‍.

പിതാവ് സി.ജെ. തോമസ് കുട്ടിക്കാനം കെഎപി അഞ്ച് ക്യാന്പിലെ സിഐയും വോളിബോളില്‍ കേരള പോലീസ് താരവും സ്കൂള്‍ ചാംപ്യൻഷിപ്പില്‍ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്റ്റേറ്റ് റിക്കാർഡ് ജേതാവുമാണ്. മാതാവ് ജിതാ തോമസ് പീരുമേട് സിപിഎം സ്കൂളിലെ അധ്യാപികയാണ്.


നേവിയുടെ മുൻ അതലറ്റിക്സ് കോച്ചായിരുന്ന സന്തോഷ് ജോർജാണ് ജുവലിന്‍റെ പരിശീലകൻ. മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും കായിക മൈതാനങ്ങളുടെ അഭാവത്തിലും പരാധീനതകള്‍ക്കിടയിലുമാണ് ഇത്തരം കായിക താരങ്ങളുടെ വളർച്ച.
