കരിനിലം പശ്ചിമ റോഡ്: എംഎൽഎയ്ക്കെതിരായ സമരം രാഷ്ട്രീയ ഗൂഢാലോചന : കേരള കോൺഗ്രസ് (എം)

മുണ്ടക്കയം: തകരാറിലായിട്ടുള്ള കരിനിലം പശ്ചിമ റോഡ് നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട സമരസമിതിയുടെ മറവിൽ ചില യുഡിഎഫ് ജനപ്രതിനിധികൾ എംഎൽഎയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും തെറ്റായ സമര രീതികളും രാഷ്ട്രീയ ഗൂഢാലോചനയും മുതലെടുപ്പിനും വേണ്ടിയുള്ളതാണെന്ന് കേരള കോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. റോഡ് പുനരുദ്ധാരണത്തിനു വേണ്ടി മുൻപ് ഫണ്ട് അനുവദിച്ചിരുന്നതും കരാർ ഏറ്റെടുത്ത കോൺട്രാക്ടർ പണി ഉപേക്ഷിച്ച് പോയതിനാലുമാണ് റോഡ് പുനരുദ്ധാരണം നിലച്ചത്.

മുൻ കോൺട്രാക്ടറെ റിസ്ക് ആൻ്റ് കോസ്റ്റിൽ ഒഴിവാക്കി. നടപടിക്രമങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനുടേയും ചീഫ് എൻജിനീയറുടെയും നേരിട്ടുള്ള പരിശോധനകളും നടത്തിച്ച് പുതുക്കിയ എസ്റ്റിമേറ്റ് എടുത്ത് ഒരുകോടി ഇരുത്തി ഒന്ന് ലക്ഷത്തി അറുപത്താറായിരം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. സമീപനാളിൽ തന്നെ ഭരണാനുമതി നേടി എടുത്ത് ടെൻടർ ക്ഷണിച്ച് പുതിയ കരാറുകാരെ ഏൽപ്പിച്ച് മഴക്കാലത്തിനു ശേഷം റോഡ് നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചിട്ടുള്ളതായും കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി വിശദീകരിച്ചു.

റോഡ് നിർമ്മാണത്തിനു വേണ്ടി സാങ്കേതിക കുരുക്കുകൾ പരിഹരിക്കുന്നതിന് എം എൽ എ വലിയ പരിശ്രമം നടത്തിയിട്ടുള്ളതും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നതുമാണ്. നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം റോഡുകളും ഗതാഗത യോഗ്യമാക്കിയതും മിക്ക റോഡുകളും ബിഎംസിസി നിലവാരത്തിലേക്ക് എത്തിച്ചതും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്ഥാനം ഏറ്റതിനുശേഷം ആണെന്നും മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി വസ്തുതകൾ ഇപ്രകാരമായിരിക്കെ വികസനത്തിനു വേണ്ടി വലിയ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന എംഎൽഎയെ ഇകഴ്ത്തി കാണിക്കാനുള്ള ചില കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണീ സമരമെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മുണ്ടക്കയത്തിൻ്റെ സമഗ്ര വികസനത്തിനുവേണ്ടി സമാനതകളി ല്ലാത്ത പ്രവർത്തനങ്ങളാണ് എം എൽ എ കാഴ്ചവെച്ചിട്ടുള്ളതെന്നും കമ്മിറ്റി ചുണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കാരക്കാട്ട്, പി.സി തോമസ്, പഞ്ചായത്തംഗം ബിൻസി മാനുവൽ, ചാക്കോ ടി.ജെ, ടോമി വലിയവീട്ടിൽ, അജി വെട്ടുകല്ലാംകുഴി, അനിയാച്ചൻ മൈലപ്ര, സോജൻ തുണ്ടിയിൽ,മാത്യുസ് വെട്ടുകല്ലാംകുഴി, ജേക്കബ് ജോർജ്, സനീഷ് പിഷാജി, ജോയി ചീരംകുന്നേൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *