പെരുവന്താനത്തിന് സമീപം ഡീൻ കുര്യാക്കോസ് എംപിയുടെ വാഹനത്തിലിടിച്ച കാർ നിര്‍ത്താതെ പോയി, പോലീസ് കൈ കാണിച്ചിട്ടും നിർത്തിയില്ല, ഒടുവിൽ വാഹനം പിടികൂടി
ഡീൻ കുര്യാക്കോസ് എംപി സഞ്ചരിച്ച വാഹനത്തിൽ മദ്യലഹരിയിലെത്തിയ മറ്റൊരു കാർ ഇടിച്ചു. നിർത്താതെ പോയ കാർ പോലീസ് കൈ കാട്ടിയിട്ടും നിറുത്തിയില്ല ഇതിനെത്തുടർന്ന് ഏലപ്പാറയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയ ശേഷം പൊലീസ് വാഹനം പിടികൂടി. പാമ്പാടുംപാറ സ്വദേശി സുധീഷിനെയാണ് പോലീസ് പിടികൂടിയത്. പൊലീസ് സംഘത്തിനുനേരേ തട്ടിക്കയറിയ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
തുടർന്ന് മദ്യപിച്ചു വാഹനം ഓടിച്ചതിനും
പൊലീസ് കൈകാട്ടിയിട്ടു വാഹനം നിറുത്താതെ
പോയതിനും ഇയാൾക്കെതിരേ രണ്ടു കേസുകൾ ചാർജ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴോടെ പെരുവന്താനത്തിന് സമീപമാണ് എംപിയുടെ വാഹനത്തിൽ പിന്നോട്ടു വന്ന കാർ ഇടിച്ചു കേടുപാടുകൾ വരുത്തിയത്. നിറുത്താതെപോയ വാഹനം വളഞാങ്ങാനം വെള്ളച്ചാട്ടത്തിനും സമീപം കിടക്കുന്നതു പിന്നാലെ വന്ന എംപിയുടെ ശ്രദ്ധയിൽപ്പെട്ടു.

എംപിയുടെ കാർ ഇവിടെ നിറുത്തി വാഹനത്തിൽ
ഇടിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ കളിയാക്കിയ
ശേഷം വീണ്ടും അമിത വേഗതയിൽ പാഞ്ഞു
പോയി. തുടർന്ന് പീരുമേട് സിഐ
ഗോപി ചന്ദ്രൻ ഏലപ്പാറയിൽ പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘത്തോട് വാഹനം പിടികൂടാൻ നിർദേശിച്ചതനുസരിച്ചാണ് വാഹനം പിടികൂടിയത്.


